Pages

Saturday 30 June 2012

ചോദ്യങ്ങള്‍?.


ഒരിക്കല്‍
മരണം ചോദിച്ചു.
എങ്ങനെയാണ്‌ നിന്‍റെ പ്രണയം?
അതിഥികള്‍ക്കായ്ഒരുക്കിവെച്ച മുറിയിലെ 
വിരുന്നുകാരനെപോലെയാണ്
എന്‍റെ പ്രണയം.
അത് കൊണ്ടുവരുന്നത്
പൂക്കളോ,മാരുതനോ,
നാരിയോ,പ്രകൃതിയോ,
എന്തുമാവാം....
അവയുമായ്‌ ഒന്നിക്കുമ്പോള്‍
ഞാന്‍ പ്രണയത്തിലാവുന്നു.
മരണം പറഞ്ഞു
നല്ലത്.
എന്നാല്‍
എന്‍റെ പ്രണയം പ്രാണനാണ്.
അതാണ്‌നിന്‍റെ വേണുവിലൂടെ
നാദമായ് ഒഴുകുന്നത്‌.
അത്
നീയറിയുന്ന ദിനത്തില്‍
നിന്‍റെ മുറിയില്‍
ഞാന്‍ വരും
വിരുന്നുകാരനായ്‌.
ആ കണ്ടെത്തല്‍ വരെയുള്ള
സമയമാണ്
നിന്‍റെ ജീവിതം.
അതിനാല്‍
ഞാന്‍ കാത്തിരിക്കുന്നു
നിനക്കുവേണ്ടി.
ഇനി പറയു
നമ്മളില്‍ ആരാണ് പ്രണയിക്കുന്നത്?.....

Tuesday 26 June 2012

മരണമേ?....


മരണമേ നിന്‍ മാറോട് ചേര്‍ന്നു-
റങ്ങുവാന്‍ കൊതിക്കുന്നു നിനവിലെ ഗന്ധികള്‍.
ഗന്ധമായ്‌ പടരുന്നു നിന്നിലെ വാക്കുകള-
ഗ്നിയിലെരിയാത്ത ചിതയിലായെങ്ങോ.
വിരലുകള്‍ തുറന്നിട്ട മാറിലെ ചിറകുകള്‍ക്കിനി-
യൊരു പുലര്‍കാലമില്ല വരവിനായ്‌.
പ്രണയമേ നിന്‍ ചുടുശ്വാസമിനിയ-
കലുവാന്‍ പാടില്ല,
മോഹം പടര്‍ത്തുന്ന ഗന്ധങ്ങളുമായ്.
കാതോരമകലെ വിളിക്കുന്നു പൂക്കളാ-
മണ്ഡപത്തിലുറങ്ങാനൊരായിരം സ്മൃതികളായ്.
പടവുകള്‍ കയറുമാ-
നഗ്നപാദങ്ങള്‍ മുറിയാതെ നോക്കണേ
സിരകളില്‍
ഞാന്‍ ഉറങ്ങുമ്പോളെന്നും.
ഒരുവേള പൊഴിക്കാതുറങ്ങിയ മൌന-
ങ്ങളൊരുരാഗഭാവമായ് ജനിക്കും വിപഞ്ചിയില്‍.
പ്രകാശമുണര്‍ത്തിയ പ്രഭാതചില്ലയില്‍
പ്രണയമൂറുന്നത് കാണാന്‍ വരില്ലയോ?
നീ,
ഉണരുന്ന ജന്മത്തിലാദ്യശ്വാസമായ്
ജനിക്കു പ്രണയമേ ജന്മസാഫല്യമായ്.