Pages

Friday 7 December 2012

മരിച്ചവന്‍റെ കവിതാകുറിപ്പ്.....



മിന്നലുകള്‍ ഇണ ചേര്‍ന്ന സന്ധ്യയില്‍,
തലയോട്ടികള്‍ ഉറങ്ങിക്കിടക്കുന്ന
മണ്ണിനെയും ചവിട്ടി മെതിച്ചു-
വെടികൊണ്ട് വരുന്ന കാട്ടുപന്നി.
തലയടിച്ചു വീഴുന്ന കുഴികളില്‍
ജന്മാന്തരങ്ങളുടെ ചീറ്റലുകളും പൊട്ടലുകളും
ജയിലുകളില്‍ സ്വവര്‍ഗത്തിന്‍റെ നിശബ്ധ്ത
ഉഷ്ണത്തിന്റെ ബീജങ്ങളില്‍
ഗോത്രങ്ങളുടെ നിലവിളിപോലെ
ഓര്‍മ്മകള്‍.
പണം കാമമായതും
കാമം രോഗമായ് സംഭോഗിച്ച നൂറ്റാണ്ട്.
ആധുനികതയുടെ അടിവസ്ത്രത്തില്‍
ലെസ്ബിയന്‍ എന്നും
ഗേ എന്നും പേരുകള്‍.
പ്രണയപ്പാച്ചിലില്‍
ഒലിച്ചുപോകുന്ന വിത്തുകളും
തൈച്ചെടികളും.
ഇനിയൊരു മരമായ്‌ വളരില്ല-
മണമായ് പടരില്ല
മധുവായ് നുകരില്ല നിങ്ങള്‍,
ആജീവനാന്തകാലം- വരെ..

Wednesday 12 September 2012

കയ്യൊപ്പ്


ഭൂമി
കയ്യൊപ്പ്ചാര്‍ത്തിയ-
പുസ്തകം
ഹൃദയം വിവര്‍ത്തനം ചെയ്യുമ്പോള്‍
അറിയാതെ
ഞാനും എഴുതി
വെറുതെ
രണ്ടു വരികള്‍
'മരണഗാനം പാടുന്നു ശലഭങ്ങളീ-
മനുഷ്യകണ്ണിലെ ചിറകുകളാല്‍""'

Monday 10 September 2012

നാലുംകൂടിയ കവിത


ജീവിതമെന്ന,
നാലുവഴി- 
കവിതയില്‍
നാലു വരികള്‍
ഒന്ന്;നേരെ പോകുന്നത്
രണ്ട്;എതിരെ വരുന്നത്
മൂന്ന്;ഇടവഴിയില്‍ നിന്നും കയറിവരുന്നത്
നാല്;പ്രധാന വഴിയില്‍ നിന്നും പിരിഞ്ഞു പോകുന്നത്.

Sunday 9 September 2012

ചുവന്ന മണം......


എന്നിട്ടും,
നിന്‍റ ഓരോ
ശ്വാസത്തിലും
ഇന്നും
ഒരു
ചുവന്ന
ആപ്പിളിന്‍റെ
        മണമുണ്ടല്ലോ?.......


Wednesday 5 September 2012

രണ്ടാപ്പിളുകള്‍


ഭൂപടത്തിലെ
നീലവരകളില്‍
നീ
രേഖപ്പെടുത്തിയ
ദേശം
എത്രയകലെയാണ്.
അപരിചിതന്‍റെ
പാദങ്ങള്‍
പതിഞ്ഞ
മരുഭൂമിക്കപ്പുറം
പ്രണയം തൊടുത്തുവിട്ട-
പൊടിക്കാറ്റില്‍
ദേശങ്ങള്‍ മറയുന്നു.
അസ്ഥികളില്‍ ശൈത്യം
നിറയ്ക്കുന്ന,
നിന്‍റെ ഏദെന്‍ തോട്ടത്തിലെ-
രണ്ടാപ്പിളുകളിലൊ-
രു തണലുണ്ട്,
മരുഭൂമികളുടെ
പരാഗണത്തില്‍,
ജീവിതമായ്
പൂക്കുകയും കായിടുകയും
ചെയ്യുന്ന
നാമെന്ന തണല്‍...............

Tuesday 4 September 2012

ചുവന്ന മഴ


ഒരിക്കല്‍
വരികള്‍
നീരാവിയായ്
കത്തിപ്പടരും
നീയറിയാത്ത
വരള്‍ച്ചയുടെ
താഴ്വരയില്‍
മഴയായ്‌
പെയ്ത്
തിമിര്‍ക്കും,
എല്ലാം
ശമിക്കുംവരെ.
അപ്പോഴും
നീ
പറയും
എന്തൊരതിശയം!
ചുവന്ന മഴ പെയ്യുന്നു!!!!!!!

Sunday 2 September 2012

ഭ്രാന്ത് ഉയിര്‍ത്തെഴുന്നെല്‍ക്കുന്നു.....


ഭ്രാന്തമായ ചങ്ങലകള്‍
എന്നെ ബന്ധിക്കുന്നു
ശരീരത്തെ പിളര്‍ക്കുന്നു
ഭ്രാന്തിന്‍റെ ദേവത
എന്‍റെ മുറിവുകളില്‍ സ്വപ്നം പുരട്ടുന്നു
ചോരയില്‍ ചിരികലര്‍ത്തുന്നു
ഭ്രാന്തെന്നെ
പകലിലെ ചന്ദ്രനേയും
രാത്രിയിലെ സൂര്യനെയും
കാണിച്ചുതരുന്നു,
ആകാശം ചുവപ്പാണെന്ന്
പഠിപ്പിക്കുന്നു
ഭ്രാന്തന്‍റെ വിശപ്പിന്
വൈദ്യുതി അന്നവും
മിന്നലുകള്‍ ദാഹജലവുമാണ്.
ഓരോ മിന്നലിലും
ഭ്രാന്തന്‍
മരുഭൂമിയില്‍ 
നഗ്നനായ്‌
നില്‍ക്കുന്നു.
മറവിയുടെ തുരുമ്പാണികള്‍
തലയിലടിക്കുമ്പോള്‍
ഭയം ഭ്രാന്തനായ് ജനിക്കുന്നു-
ഭയമൊരു വേട്ടക്കാരനായ് ജീവിക്കുന്നു.
മുറിവേല്‍ക്കുന്നിടത്ത് അത് പുരട്ടുമ്പോള്‍
ഭ്രാന്ത്
പൊട്ടിച്ചിരിക്കുന്നു.
ഞരമ്പുപൊട്ടിച്ചിരിക്കുന്നു...
അവസാനമോ?
അബോധത്തിന്‍റെ കല്ലറയില്‍ നിന്ന്
ബോധം
ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
ഭ്രാന്തന്‍ മരിക്കുന്നു.
ഭ്രാന്തോ?....
......................
......................
അത് ബീജങ്ങളില്‍ നിന്നും,
ബീജങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു.


Saturday 1 September 2012

തീവ്രവാദി....


തീവ്രവാദിയാണ്
ഞാന്‍
പ്രണയത്തിന്‍റെ തീവ്രവാദി.
നീ വിതച്ച മൈനുകളില്‍
പൊട്ടിച്ചിതറാന്‍
വിധിക്കപ്പെട്ടവന്‍.
നിന്‍റെ  വെടിയുണ്ടകളെറ്റു
നിലത്തു വീണ ചോരതുള്ളികള്‍
അധരങ്ങളുടെ
അടയാളങ്ങളാണ്,
നിശയൂരിയ നിന്‍റെ വസ്ത്രങ്ങളിലെ-
ചോരപ്പാടുകള്‍ തേടി- വീണ്ടും 
അവര്‍ വരുന്നു,
ഒളിക്കാന്‍ എനിക്ക്-  നിന്‍റെ ഗന്ധങ്ങള്‍ മാത്രം,
ഇന്നലെകളോ അത് നമ്മുടെ അഴിഞ്ഞ
വസ്ത്രങ്ങള്‍ മാത്രമാണ്,
അത്രയും മാത്രമാണ് അവര്‍ക്കുവേണ്ടിയുള്ള
നമ്മുടെ ഉത്തരങ്ങള്‍.

നഗ്നരാവാന്‍
സ്ഫോടനം നടത്തിയ നമ്മള്‍--
ജയിലിലായ്.
ഉന്മാദത്തിന്‍റെ ചങ്ങലയില്‍
ബന്ദിച്ച കാലുകള്‍,കൈകള്‍
നീറ്റലിന്‍റെ ചോരക്കുഴിയില്‍
ചാട്ടവാറടി,
വേനലിന്‍റെ മുള്ളുകളില്‍
പ്രാണന്‍റെ മുരളല്‍.
പ്രിയേ,
മുരിക്കിന്‍ പൂവേ,
നിന്‍റെ കറുത്ത തട്ടം മാറ്റി വരൂ.......
ഉന്മാദത്തിന്‍റെ കാവല്‍ക്കാര്‍ നമ്മളാണ്
ഈ തടവറയാണ് നിന്‍റെ  പകല്‍വസ്ത്രങ്ങള്‍.
നിന്‍റെ
കണ്ണുകള്‍
ഇരട്ട സ്ഫോടനശേഷിയുള്ള അണുബോംബാണ്
സ്ഫോടനം നടത്തി
നീ
ഭൂമി തകര്‍ക്കുക
ഉണരട്ടെ എല്ലാം.
വേദനയുടെ ഓരോ തിരകളിലും
പ്രണയത്തിന്‍റെ തുപ്പല്‍ പുരട്ടുക-
അപ്പോഴും
ജയിലുകള്‍ പാടും നിനക്കുവേണ്ടി...
കാരണം
നീ തീപ്പട്ടിമരുന്നും
ഞാന്‍ കൊള്ളിയുമാണ്.
അതിന്റെ 
ഒരു പൊരി മതി 
ജയിലിന്‍റെ അഴികള്‍ തുറക്കാന്‍.,
തീവ്രവാദികളാവാന്‍......


Monday 27 August 2012

ഓരോ മഴയും...

                                                                         

പിന്നെപ്പോഴോ അവന്‍ മഴയില്‍ വിളഞ്ഞു നില്‍ക്കുന്ന പറമ്പിലേക്ക് ഓടി.
ആ ഓട്ടത്തില്‍ അവനും മഴയും മല്‍സരിച്ചു.ചിലപ്പോള്‍  അവന്‍റെ കണ്ണുകളിലേക്ക് അസ്ത്രങ്ങളായ് ചീറിയെത്തിയ മഴത്തുള്ളികള്‍
അവന്‍റെ കണ്ണടപ്പിച്ചു എന്നാലും അവനോടി കൈകള്‍വീശിക്കൊണ്ട്
വീണ്ടുംവീണ്ടും കണ്ണ്തുറന്നുകൊണ്ട്.മഴയില്‍ കുതിര്‍ന്ന മണ്‍പാതയിലെ
ചെളിവെള്ളത്തില്‍ അവന്‍റെ കാലുകള്‍ പോട്ടാസുപൊട്ടുന്നതുപോലെ
ഒച്ചയുണ്ടാക്കി പാഞ്ഞു. കലങ്ങിയ വെള്ളം പുല്ലുകളിലേക്ക് തെറിച്ചുവീണു.
നിറഞ്ഞ് നില്‍ക്കുന്ന വാഴക്കൂട്ടങ്ങളിലേക്ക് അവന്‍ നോക്കിയപ്പോള്‍
.പാവക്കൂത്തുകാരന്‍റെ കൈകള്‍ക്കനുസൃതമായ് ആടുന്ന പാവകളെപ്പോലെ വാഴയിലകള്‍ മഴയ്ക്കനുസൃതമായ് ആടുന്നു.കൂട്ടത്തില്-ഞാലിപ്പൂവനും,പൂവനും,കദളിയും ഉണ്ടായിരുന്നു.
ചിലന്തിവലകളില്‍ മുത്തുമണികള്‍പോലെ തുള്ളികള്‍ തൂങ്ങികടക്കുന്നതും,
ചിലന്തികള്‍ ഇലകള്‍ക്കടിയില്‍ മഴയെപ്പേടിച്ചിരിക്കുന്നതും അവന്‍ കണ്ടു.
മഴയ്ക്ക്‌ കൂട്ടുപിടിച്ചെത്തിയ ചെറുകാറ്റില്‍ അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുകയും കൈകളിലും,നെഞ്ചിലും കുളിരുകോരുകയും ചെയ്തു.
അവനപ്പോള്‍ കൈകള്‍ കൂട്ടിതിരുമ്മുകയും ഒരാവേശത്തോടെ വീണ്ടും
മഴയെ ലാളിച്ചുകൊണ്ട്, കൂട്ടകൈയ്യടികളുടെ കാഹളം മുഴക്കുന്ന മഴയുടെ
നെഞ്ചിലേക്ക് മുഖമുയര്‍ത്തിപ്പിടിച്ചുകൊണ്ട് അവന്‍ മഴയ്ക്കൊപ്പം ചുവടുകള്‍ വെച്ചു.
കാറ്റും,മഴയും,മരച്ചില്ലകളും അവയുടെ സീല്‍ക്കാരങ്ങളും അവന്‍ കേട്ടു.
കുറ്റിച്ചെടികള്‍ക്കിടയിലൂടെ കമ്പിവളച്ചതുപോലെ ആടി ആടി പോകുന്ന
പച്ചിലപാമ്പും, മഴ നനഞ്ഞ ഇരട്ടവാലന്‍ തൂവല്‍ നിവര്‍ത്തി കുടയുന്നതും,
കാറ്റില്‍ പഴുത്തിലകള്‍ തെന്നി തെന്നി പറന്ന് വീഴുന്നതും താഴെ തിണ്ടിനരികില്‍ മഴവെള്ളമുണ്ടാക്കിയ ചെറിയ നീരോഴുക്കില്‍ അവ  ഒരു ചെറിയ തോണിപോലെ ഒഴുകി നീങ്ങുന്നതും അവന്‍ കണ്ടു.ആ കലക്കവെള്ളത്തില്‍ വീണ്ടുംവീണ്ടും ഇലകള്‍വീണൊഴുകി അതു മേഘഗര്‍ജനത്തോടെ പാറക്കൂട്ടങ്ങളെ പിളര്‍ന്ന് കുത്തിയൊഴുകി മഴവെള്ളം വിഹരിക്കുന്ന തോട്ടില്ചെന്നവസാനിക്കുകയും ചെയ്തു. ഇത് കണ്ട നേരമത്രയും മഴ ശക്തിപ്രാപിച്ചതോ കാറ്റില്‍ മുരിങ്ങമരം വട്ടമൊടിഞ്ഞു വീണതോ അവന്‍
അറിഞ്ഞില്ല. കഴിഞ്ഞപോയ ഒരു വര്‍ഷകാലത്തും ഇങ്ങനെ ഒരു മഴ അവന്‍ കണ്ടിട്ടില്ല! അറിഞ്ഞിട്ടില്ല!. കവുങ്ങും,തെങ്ങും,പ്ലാവും,മഹാഗണിയും,കശുമാവും,വാകയും,മുരിക്കും,
അല്‍ബീസയും,മാവും എല്ലാം മഴയില്‍ കുടചൂടി നിന്നങ്കിലും ശിഖരങ്ങള്‍ക്കിടയിലൂടെയും, ഇലകള്‍ക്കിടയിലൂടെയും വെള്ളം  ആര്‍ദ്രമായ്  ഊര്‍ന്നൊഴുകി മണ്ണില്‍ പടര്‍ന്നൊലിച്ചു. പച്ചപ്പുല്ലുകള്‍ നിറഞ്ഞ പറമ്പിലെ
കരിങ്കല്ലുകള്‍ക്കരികിലൂടെ ഒഴുകുന്ന കുഞ്ഞരുവിയിലെ വെള്ളം ഓലിയില്‍ വന്ന് നിറയുന്നതും തുള്ളികള്‍ മെനയുന്ന കിന്നാര ശബ്ദവും അവന്‍ കേട്ടു മഴത്തുള്ളികള്‍ ഓലിയില്‍ കുമിളകള്‍ ഉണ്ടാക്കിയപ്പോള്‍ ചെറുകല്ലുകളില്‍ പറ്റിപ്പിടിച്ചിരുന്ന കല്ലേമുട്ടികളും കുഞ്ഞുപരല്‍മീനുകളും        ഓലിക്കടിയിലെ പൂഴിയില്‍ പൂഴ്‌ന്നു. മാക്രികുഞ്ഞുങ്ങള്‍ ഒച്ച കൂട്ടി കരഞ്ഞു.
പറമ്പുമുഴുവന്‍ മതിമറന്നാഘോഷിച്ച ആ വേളയില്‍ അവന്‍ കണ്ട്മറന്ന
കോല്‍ക്കളിരംഗം തന്‍റെ കണ്മുന്നില്‍ വീണ്ടും പുനരാവിഷ്കരിക്കരിച്ചത്  വെള്ളത്തിലാശ്ശാന്‍മാര്‍ ആണെന്ന് തോന്നിയപ്പോള്‍ അവന് ചിരി വന്നു.
കാരണം അത്ര കേമമായിരുന്നു അവറ്റകളുടെ കളി.ആറു കോണില്‍ നിന്നും
കൂട്ടമായ് മുന്നോട്ട് വന്ന് അതേ വേഗതയില്‍ പുറകോട്ട് പോകുകയും ചെയ്യുന്നു ഓരോ ആശാന്മാരും.ഇവറ്റകള്‍ക്ക് മടുപ്പില്ലേ എന്നവന്‍ ചിന്തിച്ചു.
അകലെ കുന്നിന്‍പുറത്തെ ചെരുവില്‍ നിന്നും അവന്‍റെ അമ്മ അവനെ വിളിക്കുന്നത്‌ കേട്ടു ‘അമ്മേ, ഞാന്‍ കൊറച്ച് നേരോം കൂടി കഴിഞ്ഞ് വരാം’ എന്നവന്‍ വിളിച്ചു പറഞ്ഞു ആ വാക്കുകള്‍ കോരിച്ചൊരിയുന്ന മഴയുടെ ശ്രവണങ്ങളില്‍ അലിഞ്ഞുചേര്‍ന്നു.ഹും, ആ നശിച്ചവന്‍ ഇങ്ങ് വരട്ടെ’ എന്ന് അമ്മ പറഞ്ഞിട്ടുണ്ടാവും ചിലപ്പോള്‍ ഉണങ്ങിയ കാപ്പിയുടെ വടി തനിക്കായ്‌ കരുതിവെച്ചിട്ടുണ്ടാവും എന്നവന്‍ കരുതി.
കാറ്റില്‍ ആടിയുലയുന്ന കവുങ്ങും,നിറയെ കമ്പിളി നാരങ്ങകളുമായ്‌ ക്ലോക്കിന്‍റെ പെന്‍ഡുലം ആടുന്നപോലെ നാരഗവും,ആയിരം കൈകളുമായ് മാടി വിളിക്കുന്ന കാറ്റാടി മരവും അവന്‍ കണ്ടത് തിമിര്‍ത്തു
പെയ്യുന്ന ആ മഴയിലായിരുന്നു.പെട്ടന്ന് എന്തോ  ശബ്ദം അവന്‍ കേട്ടു.കവുങ്ങില്‍ നിന്നും കാറ്റിലടര്‍ന്ന് വേഗത്തില്‍ താഴോട്ട് പതിക്കുന്ന ഉള്‍ഭാഗം വെള്ളയും പുറംഭാഗം പച്ചയുമായ പാള പുല്ലില്‍ വീണതും പെട്ടന്ന്‍ അതില്‍ “കുട് കുടാന്ന്‍” മഴത്തുള്ളികള്‍ വീണതും പാളയില്‍ വെള്ളം നിറയുന്നതും അവന്‍ കണ്ടപ്പോള്‍ ഒരു ചിരിയോടെ അവനങ്ങോട്ടോടി.തുളുമ്പിയ വെള്ളവുമായ് മറിഞ്ഞു വീഴാന്‍ ഭാവിക്കുന്ന പാള അവന്‍ രണ്ട് കൈകൊണ്ടും എടുത്ത് ആകാശത്തിലേക്ക് കുടഞ്ഞു.
വിഴുവിന് കത്തിച്ച പൂത്തിരിപോലെ അവ ആകാശത്ത് ചിതറി.
അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് തിരിച്ച് വരുന്ന തുള്ളികളിലേക്ക് നാവ് നീട്ടി.
ചെറുതണുവോടെ അവന്‍റെ വായില്‍ വെള്ളം നിറയുകയും അവനത് മഴത്തുള്ളികളോടൊപ്പം കുടിക്കുകയും ചെയ്തു.മധുര കനികള്‍ വിളയുന്ന ഏതോ കാട്ടിലേക്ക് യാത്ര പോയപോലെ തോന്നിയവനപ്പോള്‍..............
അമ്പലത്തിലെ ചെറുമണികള്‍പ്പോലെ ശിഖിരങ്ങളില്‍ നിറഞ്ഞ് തൂങ്ങി കിടക്കുന്ന പഴുത്ത പുളിക്കായ്കളിലൂടെ മഴതുള്ളികള്‍ ഒഴുകിവന്ന് ഇറ്റിറ്റു വീഴുന്നത് അവന്‍ കണ്ടു.ഞാവല്‍പ്പഴങ്ങല്‍ക്കിടയിലൂടെ മഴയെ വകവെക്കാതെ വളരെ കര്മ്മനിഷ്ടരായ്‌ വിശേഷങ്ങള്‍ ചോദിച്ച് നീങ്ങുന്ന പുളിയനുറുമ്പുകള്‍ അവനില്‍ ജിജ്ഞാസ ഉണ്ടാക്കി.ചിലര്‍ കൈകളില്‍ ഭക്ഷണങ്ങളുമായാണു യാത്ര. മഞ്ഞപ്പൂക്കള്‍ കോര്‍ത്ത മാലപോലെ തോടിനരികിലെ തിണ്ടില്‍ ചാഞ്ഞ് കിടക്കുന്ന കാട്ടുമരങ്ങളില്‍ കായ്ച്ചു കിടക്കുന്ന ഓടപ്പഴവും.റൂബിക്കായും,മുള്ളന്‍പ്പഴവും പറിക്കാന്‍ അവന്‍
മഴയെ പറ്റിച്ചോടി.പറമ്പുമുഴുവന്‍ തളംകെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ ആലസ്യം പൂണ്ട സുന്ദരികളെപ്പോലെ പുല്ലുകള്‍ മുഴുവന്‍ വെള്ളത്തില്‍ മയങ്ങി കിടക്കുന്നത് കണ്ടപ്പോള്‍ അവന്‍ പാറകളില്‍ മാത്രം ചവിട്ടി ഓടാന്‍ തീരുമാനിച്ചു.മഴവെള്ളം വീണ് പായലുപിടിച്ച് തെന്നികിടക്കുന്ന കരിങ്കല്ലുകള്‍ക്ക് മുകളിലൂടെ ഒരണ്ണാനെപ്പോലെ അവന്‍ പാഞ്ഞു. അവന്‍റെ കാല്‍വെള്ളകളില്‍ പതിഞ്ഞ്കണ്ട തഴമ്പുകള്‍ അവന്‍റെ യാത്രകളുടെ നഗ്നമായ
ദേശങ്ങളെ അടയാളപ്പെടുത്തി. മരവിച്ച കൈകളും കാലുകളും അവനില്‍ മടുപ്പുണ്ടാക്കിയില്ല മറിച്ച് അവനില്‍ ചോദനയുണ്ടാക്കി.കാമനകള്‍ പൂത്ത വര്‍ഷകാലങ്ങളിലെ ഒരാഗ്രഹമെങ്കിലും നിറവേറാന്‍..
യാഥാര്‍ത്ഥ്യങ്ങള്‍ തല്ലിക്കെടുത്തിയ ബാല്യത്തിന്‍റെ പുതുനാമ്പുകള്‍ കൌമാരത്തിന്‍റെ ശിഖിരങ്ങളില്‍ കോര്‍ത്തുപിടിക്കാന്‍ അവന്‍ മഴയെ തന്നോടൊപ്പം കൂട്ടി. വള്ളിപ്പയറിന്‍റെ വല്ലികള്‍ പോലെ ആകാശത്തേക്ക് നോക്കി ശിഖിരങ്ങളില്‍ പിടിമുറുക്കി വളര്‍ന്ന് പന്തലിക്കാന്‍ അവന്‍ നില്‍ക്കാതെ ഓടി.അവന് കിതപ്പില്ല,വിയര്‍പ്പില്ല മഴ മാത്രം. തൊടി മുഴുവന്‍ കിളച്ച് മറിക്കുന്ന മഴ.മഴ സാഹസികനായ ഒരു യാത്രികനാണ് അവന്‍ മഴയുടെ തേരാളിയും.
പാറക്കൂട്ടങ്ങള്‍ക്ക് നടുവിലെ വെള്ളാരങ്കല്ലിനു മുകളില്‍ മഴയെ ധ്യാനിച്ചിരിക്കുന്ന ഭീമന്‍ഞണ്ടിന്‍റെ ശിരസ്സില്‍ വെള്ളത്തുള്ളികള്‍ വീണപ്പോള്‍ ആ പോരാളി കണ്‍‌തുറന്നു നോക്കി.അവന്‍റെ ദേഹത്ത് നിന്നുംപൊട്ടി  തെറിക്കുന്ന മഴത്തുള്ളികള്‍ കണ്ട് ആ ഉഭയജീവി കണ്ണടച്ചു.മഴയില്‍ ചിണുങ്ങിക്കരയുന്ന റൂബിച്ചെടിയില്‍ കൃഷ്ണമണികള്‍ പോലെ പഴുത്തുകിടക്കുന്ന കറുത്ത റൂബിപ്പഴങ്ങള്‍ അവന്‍ പറിച്ചു തിന്നു.വായില്‍ അവശേഷിച്ച കുരു തുപ്പിക്കളഞ്ഞു. ഉരുള്‍പ്പൊട്ടിയ പൂര്‍വ്വകാലത്തിന്‍റെ സ്മരനയായ്‌ ഇന്നും അവശേഷിക്കുന്ന  തോട്ടിലെ കരിമ്പാറക്കെട്ടുകള്‍ക്ക് നടുവിലെ വെള്ളക്കുഴിയിലേക്ക് ഓടപ്പഴത്തിന്‍റെ കുരുക്കളും നുണഞ്ഞുകൊണ്ട് അവന്‍ നോക്കി. നാലാള്‍ ഉയരമുള്ള വട്ടമരത്തിന്‍റെ ഒരു ഉറച്ച ശിഖിരത്തില്‍ നിന്നും അവന്‍ താഴോട്ടു കുതിക്കുമ്പോള്‍ വട്ടമരമാകെ ഒന്നുലഞ്ഞ് ഞെട്ടറ്റ വട്ടയിലകള്‍ തോട്ടിലെ ചീറിപ്പായുന്ന വെള്ളത്തിലേക്ക്‌ തുരു തുരാ വീണു.
പ്ധും!....
വെള്ളത്തെ ഒരു ഇടിശബ്ദത്തോടെ വലിയ ചുഴികളുണ്ടാക്കി മേലോട്ടുയര്‍ത്തിക്കൊണ്ട് അവന്‍ വെള്ളത്തിലേക്ക്‌ പതിച്ചു.ഓളം തള്ളിയ വെള്ളത്തെ കീറിമുറിച്ചുകൊണ്ട് നിറയെ കുമിളകളുമായ് അവന്‍ ആഴങ്ങളിലേക്ക് ഊളിയിട്ടു.മുകളില്‍ ഓളംതള്ളിയാടിയ വെള്ളം ആറ്റുവഞ്ചിക്കു മുകളിലൂടെ അലതല്ലിയൊഴുകി.സംഹാരശബ്ദം കേട്ടതിനാലാവാം വെള്ളത്തിനടിയിലെ പരല്‍ മീനുകളും,മുഷിയും,ഞണ്ടുകളും കല്ലുകളുടെ ചെറുപൊത്തുകളില്‍ ഒളിച്ചു.അവന്‍ ചെറിയൊരു വെള്ളാരംകല്ലും കടിച്ചെടുത്തു ഒരു മലക്കം മറിഞ്ഞ്‌ മുകളിലേക്ക് കൈകള്‍ നിവര്‍ത്തി കൂപ്പിപിടിച്ച്  കാലുകള്‍ക്കൊണ്ട് തുഴഞ്ഞ് പൊങ്ങി.മുകളിലെത്തിയപ്പോള്‍ അവന്‍ അവന്‍റെ ഉടുമുണ്ട് തപ്പി.നല്ല ഒഴുക്കുള്ള വെള്ളത്തില്‍ ഒലിച്ചു പോകുന്ന തോര്‍ത്ത്‌ അവന്‍ കണ്ടു.വെള്ളാരംകല്ല്‌ നിലത്തേക്കിട്ട് അവന്‍ വെള്ളത്തില്‍ ആഴമേറിയ ചുവടുകള്‍ വെച്ച് ഓടി ഒരു നഗ്നവാനരനെപ്പോലെ.തോട്ടിലെ വെള്ളത്തില്‍ മുഴുവന്‍ നീന്തി തിമിര്‍ത്ത്‌ അവന്‍ കരയ്ക്ക് കയറി.പെട്ടന്നവന്‍ തനിക്ക് ചൂട് പകര്‍ന്ന മഴയെ തിരഞ്ഞു.തോട്ടിലെ വെള്ളത്തിനടിയില്‍ മുങ്ങാംകുഴിയിട്ടു നീന്തുമ്പോഴെപ്പോഴോ അവനെ പറ്റിച്ച്‌ മഴ കടന്ന്‌കളഞ്ഞിരുന്നു. മഴയും തോട്ടിലെ വെള്ളവും അവന്‍റെ കണ്ണുകളെ ചുമപ്പിച്ചു. ഉടുമുണ്ടുരിഞ്ഞു വ്യസനത്തോടെ അവന്‍  ശിരസ്സും ദേഹവുമെല്ലാം തോര്‍ത്തി. പറമ്പിലേക്ക് ചെന്നിറങ്ങുന്ന ഇടവഴിയിലേക്ക്
അവന്‍ കാലുകൊണ്ട് വെള്ളംതട്ടിച്ച് ഒച്ചയുണ്ടാക്കി നടന്നു.
ഒരു മലയെ മുഴുവനായും പുല്‍കിയുണര്‍ത്തിയ മഴയെ അവന്‍  തിരിഞ്ഞ് നോക്കി മരങ്ങളിലും കുറ്റിച്ചെടികളും മഴയവശേഷിപ്പിച്ച തുള്ളികള്‍ മാത്രം അവന്‍ കണ്ടു.പെട്ടന്ന് തൊടയില്‍ കിട്ടിയ ഒറ്റയടിയില്‍ ‘എന്‍റെമ്മേ’ എന്ന് വിളിച്ചുകൊണ്ട് അവന്‍ ചാടി തിരിഞ്ഞു.അമ്മയതാ അരിക് കീറിയ ഒരു കുടയുമായ്‌ അടുത്ത അടിക്കായ്‌ ഓങ്ങുന്നു.അമ്മയുടെ മുഖത്ത് ദേഷ്യം ഇരുണ്ടുകൂടിയിരിക്കുന്നു.രണ്ടാമത്തെ അടി അവന്‍ കൈകൊണ്ട് തടഞ്ഞ് വാങ്ങിച്ചു.
മോനെന്നാ! പരിപാടി?....“നിന്‍റെ കളിമുഴുവന്‍ ഞാന്‍ കാണുവായിരുന്നു.”നിനക്കെന്താ! ഭ്രാന്തുണ്ടോ?
അവന്‍ അമ്മയുടെ വടിയിലേക്ക് മാത്രം നോക്കി.ഇനിയും അടി വരാം എന്ന
ഭാവത്തില്‍.
നോക്കിക്കേ!..
'അവന്‍റെ കണ്ണുഴുവന്‍ കലങ്ങിയിരിക്കുന്നു.'ഹും!'അവന്‍റെ ചാട്ടത്തിന്‍റെ കേമം.'
‘നിന്നോട് ഞാന്‍ നൂറു തവണ പറഞ്ഞിട്ടുണ്ട്!മഴപെയ്യുമ്പോള്‍ തോട്ടില്‍ ചാടാന്‍ പോകരുതെന്ന്.’കാട്ടില്‍ മഴപെയ്യുന്നതോ ഉരുള്‍പൊട്ടുന്നതോ ആരും
അറിയില്ല,വന്ന് കൊണ്ടുപോകുമ്പോഴെ അറിയൂ!” മനസിലായോ നിനക്ക്?
അവന്‍ തലയാട്ടി.അവന്‍റെ മരവിച്ച കൈപ്പത്തിയില്‍ ഈര്‍പ്പം ചുവന്ന വര ഇട്ടു.
എന്തെങ്കിലും പറ്റിയാല്‍ എടുത്തോണ്ട്പോകാന്‍, നിന്‍റെ അപ്പനൊന്നും ഇവിടെയില്ല; അതെന്നും ഓര്‍മ്മ വേണം.അവന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.അത്രയും പറഞ്ഞ് അവന്‍റെ അമ്മ വിദൂരതയിലേക്ക് നോക്കി.
ദൂരെ, അടുത്ത മഴയ്ക്കായ്‌ ഒരുങ്ങുന്ന കറുത്ത മേഘങ്ങളും അവ്യക്തനീലിമയില്‍ നിരന്ന് കിടക്കുന്ന മലനിരകളും ആ സ്ത്രീ കണ്ടു.
ഇലകളില്‍ നിന്നും ഇലകളിലേക്ക് വെള്ളം ഇറ്റിറ്റു വീഴുന്ന ശബ്ദം
അവര്‍ക്കിടയില്‍ അവശേഷിച്ചു.അവന്‍റെ അമ്മ കുട മടക്കിക്കൊണ്ട് പറഞ്ഞു.
“നിന്‍റെ ഓട്ടം കണ്ടപ്പോ തോന്നി, ആ ഒടുക്കത്തെ കാറ്റിലും മഴയിലും നീ ആ
ഞാലിപ്പൂവന്‍റെ കുല പിടിച്ച്കെട്ടാന്‍ പോയതായിരിക്കുമെന്ന്”.വന്നുനോക്കിയപ്പോഴല്ലേ രസം!”
അവന്‍റെ പുറകിലായ് കാറ്റില്‍ പൊട്ടി വീണ്കിടക്കുന്ന പഞ്ഞിമരവും കായ്ക്കളും അവന്‍ കണ്ടു.
ഉം. 'വേഗം കേറിപ്പോ'. 
അവന്‍ മുന്‍പിലും അമ്മ പുറകിലുമായ്‌ നടന്നു.
അവര്‍ നടക്കുന്നതിനിടയില്‍ ചില്ലകള്‍ ഒടിഞ്ഞ് വീണ കശുമാവും,കാറ്റില്‍ കടപുഴകി വീണ വാഴക്കൂട്ടങ്ങളും,ഇടിഞ്ഞ് വീണ കയ്യാലയും അമ്മ അവന്
കാണിച്ചു കൊടുത്തു.
അവന്‍റെ ഉടലില്‍ നിന്നും ചൂട് നീരാവി അവനു ചുറ്റും പടര്‍ന്ന്‍ പൊങ്ങി.
നോക്ക്!
ഹൊ!രണ്ടാഴ്ച്ച കഴിഞ്ഞാല്‍ കൊത്തി കൊടുക്കേണ്ട കുലകളാ ആ കിടക്കുന്നത്' ശ്ഹോ!'ആ പൂവന്‍കുലയാണെങ്കില്‍ ഒരു മുപ്പതു കിലോയെങ്കിലും വരും.'  ഹാ...'ആ രാജുവിന്‍റെ കടയില്‍ കൊടുത്ത് നോക്കാം-
ചിലപ്പോള്‍ എടുക്കുവായിരിക്കും.'
ആകാശം ഇരുണ്ട്മൂടപ്പെട്ടതിനാല്‍ അന്ന് വളരെ നേരത്തെ സന്ധ്യയാകുന്നത് അവന്‍ കണ്ടു.ഇറയത്ത്‌ വന്ന് അവന്‍ മുറ്റത്തേക്ക് നോക്കി.മുറ്റത്തോട് ചേര്‍ന്ന് തളിര്‍ത്തു നിന്ന അമരവള്ളി നിലത്ത് വീണു കിടക്കുന്നത് അവന്‍ കണ്ടു.അവനാ വള്ളിയെടുത്തു ശിഖിരങ്ങളില്‍ വച്ചു.അവന്‍ കൊത്തികൊണ്ടുവന്നു വെച്ച വാഴക്കുലകളില്‍ നിന്നു ഞാലിപ്പൂവന്‍കായുടെ
അടിഭാഗകത്തു നിന്നും ഒരു പെടല അവന്‍റെ അമ്മ അടര്‍ത്തിയെടുത്തു.
“രാത്രിയില്‍ മെഴുക്ക്പെരട്ടി വെക്കാം”അവര്‍ പറഞ്ഞു.അവന്‍റെ നിര്‍ത്താതെയുള്ള തുമ്മല്‍ കേട്ട് അവന്‍റെ അമ്മ ഒച്ചയില്‍ പറഞ്ഞു.
ഹാ!'ഇനി ജലദോഷവും പനിയും കൂടി ആയാല്‍ ഭേഷായ്'.
അവന്‍ ഒന്നും മിണ്ടാതെ വീണ്ടും വീണ്ടും തുമ്മി അവന്‍റെ ചുമന്ന കണ്ണുകളില്‍ വെള്ളം നിറഞ്ഞു.മൂക്കില്‍ നിന്നും നീരിറങ്ങി.

അവന്‍റെ അമ്മ പറഞ്ഞപോലെ രാത്രിയില്‍ അവനെ പനിച്ചു.അമ്മയുണ്ടാക്കിയ കഞ്ഞിയും മുള്ളന്‍ വറുത്തതും കാ-  മെഴുക്കുപുരട്ടിയും കഴിച്ച് അവന്‍ കുരിശുവരച്ച് കിടന്നു.അടുപ്പില്‍ കെട്ട കനലുകള്‍ ചൂട്പിടിച്ച് തീ കത്തിപ്പടരുന്നതിന്‍റെ ശബ്ദം അവന്‍ കേട്ടു.ഓട്ടുവിളക്കിലെ തീ നാളം ഉലയാതെ നിന്നു കത്തി.
കിടക്കപായയില്‍ അമ്മയുടെ സാരിയും പുതച്ചുകൊണ്ട് ഇടതുവശത്തേക്ക് ചെരിഞ്ഞ് കിടന്ന് കൈകള്‍ തുടകള്‍ക്കിടയില്‍ തിരുകി സാവധാനം ശ്വാസമെടുത്തുകൊണ്ട് അവന്‍ മഴയെ ഓര്‍ത്തു.ഈ സാരിക്കും അമ്മയുടെ ചൂടാണ്.അമ്മയുടെ സ്നേഹത്തിന്‍റെ ചൂട്. അവന്‍റെ ശരീരത്ത്മുഴുവന്‍ ഓടി നടക്കുന്ന പനിയും, പനി പുറത്തേക്കു വിടുന്ന ചൂടും. അവനില്‍ അനുരാഗം ഉളവാക്കി മഴയോട്, പനിയോട്,ചൂടിനോട് അനുരാഗം.അന്നേരം അവന്‍ ഒന്നുകൂടി കൂനികൂടി കിടന്നു. അവന്‍റെ ചൂട് നിശ്വാസത്തെ അവന്‍ മണത്തു. ചൂടിനെ ഉമ്മവെച്ചു.രാത്രിയില്‍ ഇനിയും മഴവരാം അമ്മ കാണാതെ ഇറങ്ങി ഓടാം എന്നവന്‍ ചിന്തിച്ചു എന്നാല്‍ കഴിഞ്ഞുപോയ
മഴപോലെ അനുരാഗിയായിരുക്കുമോ, അല്പസമയമെങ്കിലും തന്നെത്തന്നെ മറക്കാന്‍ ഈ മഴ അവസരം തരുമോ? അവന്‍ വ്യസനിച്ചത് മഴതോര്‍ന്നപ്പോഴായിരുന്നു.ഉന്മാദത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ
ആ മഴ അവസാനിച്ചപ്പോള്‍.അവന്‍ മൌനിയായതും ആ മഴയ്ക്ക് ശേഷം. ഓരോ മഴയും അവസരങ്ങളാണ് മഴയുടെ നിഗൂഡ സൗന്ദര്യത്തെയറിയാന്‍,ഹരിതപ്രഭയില്‍ പുല്‍കിനില്‍ക്കുന്ന മരങ്ങളും, ആകാശത്തിന്‍റെ സന്തതികളായ മേഘങ്ങള്‍ പാലാഴി കടഞ്ഞെടുത്ത മഴയുടെ വെള്ളിനൂലുകള്‍ കൂട്ടമായ് പെയ്തിറങ്ങുന്നതു കാണാന്‍,  മഴയും മരങ്ങളും സംയോജിക്കുന്നതറിയാന്‍,ചിന്തകളെ ചിന്തേരിടേണ്ട മനസിനെ അറിയാന്‍.ഹൊ! ഞാന്‍ എന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്‌!,അവന്‍ കണ്ണ് തുറന്ന് സാരിക്കുള്ളിലൂടെ പുറത്തേക്ക് നോക്കി രാത്രിയുടെ സ്വപ്നങ്ങള്‍ പെയ്യുന്ന അവ്യക്തമായ ലോകം ഒരു മഞ്ഞ സാരിക്കപ്പുറത്ത് അവനെ ചൂഴ്ന്നു നില്‍ക്കുന്നതായ്‌ അവന് തോന്നി. അവന്‍ കിടക്കപായയില്‍ തന്നെ കിടന്ന് ഒന്നു തിരിഞ്ഞ് ഒന്നുകൂടി കൂനിക്കൂടി കിടന്നുകൊണ്ട് പതിയെ ഇങ്ങനെ പറഞ്ഞു “എന്‍റെ പനിയെ,ചൂടേ ഞാന്‍ മഴയുടെ പുത്രനാണ്”. “ഒരു കാലത്തും നിനക്കെന്നെ തോല്‍പ്പിക്കാനാവില്ല”
“ദാ! 'നോക്ക്,' 'പനിക്കിടക്കേല്‍ കിടന്നുകൊണ്ട് പിച്ചുംപേയും പറയുന്നു ഒരായിരം തവണ നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ട് മഴ നനയാന്‍ പോകരുതെന്ന്’.കേള്‍ക്കില്ല ഒന്നും! ‘തല്ലിയാലൊട്ടു നന്നാവോ അതും ഇല്ല നാശം’..
‘കെടക്കണ കെടപ്പ് കണ്ടില്ലേ!?’’ഒരെണ്ണം കൂടി കൊടുക്കാന്‍ തോന്നും!’

അമ്മയുടെ ശകാരങ്ങള്‍ കേട്ട് അവന് ചിരി വന്നെങ്കിലും അമ്മയുടെ കഷ്ട്ടപ്പാടിനെ ഓര്‍ത്തപ്പോള്‍ അവന് അമ്മയെ കൂടുതല്‍ സ്നേഹിക്കാന്‍ തോന്നി.അമ്മ തന്ന പനിക്കൂര്‍ക്കയുടെ നീരും ചുക്ക് കാപ്പിയും കുടിച്ച് അവന്‍ പതിയെ കിടന്നു. പെട്ടന്ന് ഒച്ചയുണ്ടാക്കാതെ എന്തോ നിശ്ചയിച്ച മട്ടില്‍ അവന്‍ പതിയെ നെരങ്ങി നീങ്ങി  അവന്‍റെ ട്രങ്ക്പെട്ടിയില്‍ നിന്നും പേനയും നോട്ട്ബുക്കും എടുത്തു.അരണ തലപൊക്കി നോക്കുന്നപോലെ അവന്‍  സാരിക്കിടയിലൂടെ തലപൊക്കി അമ്മയെ നോക്കി, അമ്മ രാവിലെ വരുന്ന പണിക്കാര്‍ക്ക് വേണ്ടി അവല്‍ വിളയിക്കുകയാണ്.രാവിലെ പണിക്കാര്‍ വട്ടമരത്തിന്‍റെ ഇരമ്പിറക്കാന്‍ വരുമെന്ന് അമ്മ കഴിഞ്ഞ ദിവസം പറഞ്ഞതവനോര്‍ത്തു.നട്ട ഇഞ്ചിവിത്തുകള്‍ക്കത്രയും വളമായ്‌ ഈ മഴയത്ത് പറമ്പിലെ മുക്കാല്‍ഭാഗത്തോളം വട്ടയിലകളും കമ്പുകളും വേണം. അതുമാത്രമല്ല പണിക്കാരോടൊപ്പം താനും സഹായിക്കാന്‍ ഇറങ്ങുമെന്ന് അമ്മയോട് പറഞ്ഞതല്ലേ എന്നിട്ടിപ്പോള്‍!?,ഈ പനിയത്ത് എന്ത് ചെയ്യും?
അവന്‍ കൂടുതലൊന്നും ആലോചിക്കാതെ ബുക്കിലെ ഒരു താളില്‍ ഇങ്ങനെ എഴുതിയിട്ടു.

ഈ കാല്‍പ്പാദങ്ങളത്രയും തണുപ്പിച്ച മഴയില്‍
ഞാനെന്‍റെ കുട വലിച്ചെറിഞ്ഞു,
ഉടുവസ്ത്രങ്ങള്‍ ഊരിഎറിഞ്ഞു
നഗ്നനായ എന്‍റെ ശിരസ്സില്‍
മഴ ചുംബിക്കുകയും
ഉടലില്‍
മഴത്തുള്ളികള്‍
പെയ്തിറങ്ങുകയും ചെയ്തു.
ആ ഉന്മാദത്തിന്‍റെ പനിനീര്‍ തുള്ളികളില്‍
ഞാന്‍ എന്നെത്തന്നെ മറന്നു.
എന്‍റെ വരുംകാലങ്ങളില്
അനുരാഗിയായ നിനക്കുവേണ്ടിയാണ്
ഇനിയും ഞാന്‍ നനയുക.
കാത്തിരിക്കുക.

ബുക്ക്‌ മടക്കി തലയിണക്കടിയില്‍ വെച്ചുകൊണ്ട് അവന്‍ അമ്മയെ നോക്കി.
അമ്മയുടെ പണികളൊന്നും തീര്‍ന്നിട്ടില്ല. അത് തീരാന്‍ ഇനിയും രണ്ട് നാഴികയെങ്കിലും കഴിയണം എന്നോര്‍ത്തുകൊണ്ട് അവന്‍ പതിയെ കണ്ണടച്ചു കിടന്നു.രാത്രി കറുത്ത തട്ടമിടീച്ച  നീലക്കുന്നിനു മുകളില്‍ കത്തി നിന്ന മെഴുകുതിരിനാളം അണഞ്ഞപ്പോള്‍ നിലാവ് കശുമാവിന്‍ തോട്ടത്തില്‍ കോലങ്ങള്‍ വരച്ചു.ഏകാന്തതയുടെ ആഴങ്ങളില്‍  അവന്‍ തപ്പിയെടുത്ത വെള്ളാരംകല്ലിനെ  ആര്‍ത്തുലച്ചു പെയ്യുന്ന മഴ ചെത്തിമിനുക്കുന്നത്
അവനറിഞ്ഞില്ല.അനുഭൂതിയിലൊഴുകുന്ന തോടിന്‍റെ ഉലയിലെ  പളുങ്ക്മണിചൂളയില്‍ വെള്ളാരംകല്ലിനിയും മിനുക്കപെടും
അവന്‍ ഇനിയും ആഴങ്ങളില്‍ യാത്ര ചെയ്യും.കാരണം മഴനനയുന്നവന്‍റെ ഹൃദയമാണ് വെള്ളാരംകല്ലുകള്‍.
മഴതുള്ളികളാണ് അതിന്‍റെ കാവല്‍ക്കാര്‍.

Saturday 25 August 2012

നഗ്നപാതകള്‍....


എന്നെയറിയാന്‍
പ്രണയിച്ചാല്‍ മതിയാവില്ല
എന്‍റെ വഴികളില്‍
നീ സഞ്ചരിക്കണം,
അവിടെ
നീ കാണാത്ത
മനുഷ്യരും
മരങ്ങളുമുണ്ട്
വഴി ദുര്‍ഘടവുമാണ്.

ഓളങ്ങള്‍.................


ശാന്തമായ തടാകത്തില്‍
ഓളങ്ങളുണ്ടാക്കി
അകലുമ്പോള്‍
അറിയുന്നുവോ?
നീ
തടാകത്തിന്‍റെ
ആഴവും
പരപ്പും.

സത്യമായും..


ആദ്യം
ഇരുട്ട് പറയും
ഞാന്‍ കണ്ണടയ്ക്കാം
പിന്നെ
പ്രകാശം പറയും
ഞാന്‍ കണ്ണ് തുറക്കാം.
ഇരുള്‍ മറച്ച
നിന്‍റെ നിഴലും
പ്രകാശം നല്‍കിയ
നിന്‍റെ അഴകും
എന്‍റെ അന്ധകാരങ്ങളാണ്
ആഴക്കടലില്‍
അഗ്നിപടര്‍ത്തിയ
നിന്‍റെ നയനങ്ങള്‍
എന്‍റെ ചിതയിലെ കനലുകളും.
ആദ്യം
പ്രകാശം പറയും
ഞാന്‍ കണ്ണടയ്ക്കാം
പിന്നെ
ഇരുട്ട് പറയും
ഞാന്‍ കണ്ണ് തുറക്കാം.


Wednesday 18 July 2012

തൂലികയും ധ്യാനവും


ഋതുക്കള്‍
കത്തി പടരുന്ന
ജീവിത സിരകളില്‍
കാറ്റോളംതള്ളുന്ന ഇലകള്‍പോലെ
അസ്ഥിപഞ്ജരമായ ഓര്‍മ്മകളുംപേറി
എന്‍റെ തൂലിക ചലിക്കുന്നു.
ആ നിഗൂഢ യാത്രയില്‍
പ്രഭാതങ്ങളും പ്രദോഷങ്ങളുമില്ല
അനശ്വരതയില്‍ വിരിയുന്ന
ആഗ്നേയ വരികള്‍,
ആത്മാവിനെ തൊട്ടുണര്‍ത്തുന്ന
നിമിഷങ്ങള്‍ മാത്രം.
വെളുത്ത കടലാസുകളില്‍
ഇറ്റിറ്റു വീഴുന്ന നിഴല്‍ചിത്രങ്ങളായ്
ജീവിതം മിന്നിമറയവേ,
പുതുമഴയെ ധ്യാനിക്കുന്ന
മണ്‍തരിപോല്‍,
എന്‍റെ തൂലിക ധ്യാനിക്കുന്നു.
നിശ്ചലമാക്കിയ
ജീവിതങ്ങള്‍ക്ക്‌മേല്‍ പ്രകാശത്തിന്‍റെ
ചിറകുകള്‍ പറന്നിറങ്ങുന്ന
തൂലികയുടെ ധ്യാനം
വിരലുകളുടെ ധ്യാനം.

Saturday 30 June 2012

ചോദ്യങ്ങള്‍?.


ഒരിക്കല്‍
മരണം ചോദിച്ചു.
എങ്ങനെയാണ്‌ നിന്‍റെ പ്രണയം?
അതിഥികള്‍ക്കായ്ഒരുക്കിവെച്ച മുറിയിലെ 
വിരുന്നുകാരനെപോലെയാണ്
എന്‍റെ പ്രണയം.
അത് കൊണ്ടുവരുന്നത്
പൂക്കളോ,മാരുതനോ,
നാരിയോ,പ്രകൃതിയോ,
എന്തുമാവാം....
അവയുമായ്‌ ഒന്നിക്കുമ്പോള്‍
ഞാന്‍ പ്രണയത്തിലാവുന്നു.
മരണം പറഞ്ഞു
നല്ലത്.
എന്നാല്‍
എന്‍റെ പ്രണയം പ്രാണനാണ്.
അതാണ്‌നിന്‍റെ വേണുവിലൂടെ
നാദമായ് ഒഴുകുന്നത്‌.
അത്
നീയറിയുന്ന ദിനത്തില്‍
നിന്‍റെ മുറിയില്‍
ഞാന്‍ വരും
വിരുന്നുകാരനായ്‌.
ആ കണ്ടെത്തല്‍ വരെയുള്ള
സമയമാണ്
നിന്‍റെ ജീവിതം.
അതിനാല്‍
ഞാന്‍ കാത്തിരിക്കുന്നു
നിനക്കുവേണ്ടി.
ഇനി പറയു
നമ്മളില്‍ ആരാണ് പ്രണയിക്കുന്നത്?.....

Tuesday 26 June 2012

മരണമേ?....


മരണമേ നിന്‍ മാറോട് ചേര്‍ന്നു-
റങ്ങുവാന്‍ കൊതിക്കുന്നു നിനവിലെ ഗന്ധികള്‍.
ഗന്ധമായ്‌ പടരുന്നു നിന്നിലെ വാക്കുകള-
ഗ്നിയിലെരിയാത്ത ചിതയിലായെങ്ങോ.
വിരലുകള്‍ തുറന്നിട്ട മാറിലെ ചിറകുകള്‍ക്കിനി-
യൊരു പുലര്‍കാലമില്ല വരവിനായ്‌.
പ്രണയമേ നിന്‍ ചുടുശ്വാസമിനിയ-
കലുവാന്‍ പാടില്ല,
മോഹം പടര്‍ത്തുന്ന ഗന്ധങ്ങളുമായ്.
കാതോരമകലെ വിളിക്കുന്നു പൂക്കളാ-
മണ്ഡപത്തിലുറങ്ങാനൊരായിരം സ്മൃതികളായ്.
പടവുകള്‍ കയറുമാ-
നഗ്നപാദങ്ങള്‍ മുറിയാതെ നോക്കണേ
സിരകളില്‍
ഞാന്‍ ഉറങ്ങുമ്പോളെന്നും.
ഒരുവേള പൊഴിക്കാതുറങ്ങിയ മൌന-
ങ്ങളൊരുരാഗഭാവമായ് ജനിക്കും വിപഞ്ചിയില്‍.
പ്രകാശമുണര്‍ത്തിയ പ്രഭാതചില്ലയില്‍
പ്രണയമൂറുന്നത് കാണാന്‍ വരില്ലയോ?
നീ,
ഉണരുന്ന ജന്മത്തിലാദ്യശ്വാസമായ്
ജനിക്കു പ്രണയമേ ജന്മസാഫല്യമായ്.

Wednesday 16 May 2012

യാത്ര


മരുഭൂമിയില്‍
മഴ പെയ്യുന്നതും
കാത്ത്
ഞാന്‍ യാത്രയാവുന്നു
നഗ്നപാദങ്ങളില്‍
നീ തൊടുന്ന ദിനം
വരെ.

Sunday 6 May 2012

ഒരു ശ്വാസത്തിനപ്പുറം


ഒരു ശ്വാസത്തിനപ്പുറം
മിടിച്ചു നില്‍ക്കുന്ന
നിന്‍റെ ഓര്‍മ്മകളിലേക്ക്
പെയ്തിറങ്ങാന്‍
എനിക്കിനി പുനര്‍ജ്ജന്മം മാത്രം.
നിന്‍റെ നിഴലുകളില്‍
മറഞ്ഞ 
ഭൂമിയിലെ വസന്തങ്ങളില്‍
ഇനിയാര് ദൂതുമായി വരും
പറവയോ?
ശലഭങ്ങളോ?
പകല്‍ക്കിനാക്കളോ?
അറിയില്ല,
ഓര്‍മ്മയുടെ ഗിരി ശ്യംഗങ്ങളില്‍
തണുത്തുറഞ്ഞ ഗീതമായ്‌
എന്നോ മറഞ്ഞുപോയ 
എന്‍റെ ജന്മവും
ഒരോര്‍മ്മയാണ്
നിനക്കായ്‌
ബലിയര്‍പ്പിച്ച
ഞാനെന്ന
ഓര്‍മ്മ.

Saturday 3 March 2012

പുതുമഴ


അനാഥമായിരുന്നു ബാല്യം
കൌമാരം അനാഥമന്ദിരവും.
ഇരുള്‍ വരച്ച ചിത്രങ്ങള്‍
ഗദ്ഗദങ്ങളാല്‍
ഇരമ്പിയെത്തിയത്
യൌവനത്തിന്‍റെ പുതുമഴയിലായിരുന്നു
ആ ഇളംചുടാര്‍ന്ന നനവുകളോ,
ഗ്രീഷ്മശിഖിരങ്ങളില്‍
പഴുത്തുകിടന്ന
ഒരു സ്വപ്നത്തിന്‍റെ ഉരുള്‍പൊട്ടലും.